കൊച്ചി: കുവൈറ്റില്‍നിന്ന് എത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാന്‍ മാറ്റി. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ഓഗസ്റ്റില്‍ കുവൈറ്റില്‍ മദ്യദുരന്തത്തിനിരയായ ലാമ 45 ദിവസത്തോളം അവിടെ ചികിത്സയിലായിരുന്നു. തുടര്‍ന്ന് നാടുകടത്തി. ഒക്ടോബര്‍ അഞ്ചിനു പുലര്‍ച്ചെ 2.55 ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.
അവിടെനിന്നു സൂരജിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മെട്രോ ഫീഡര്‍ ബസില്‍ കയറ്റിവിട്ടു. ഓര്‍മക്കുറവ് തുടക്കത്തിലേ പ്രകടമാക്കിയിരുന്നു. ആലുവ മെട്രോ സ്റ്റേഷനില്‍ ഇറങ്ങിയ സൂരജ് ലാമ പലയിടത്തായി അലഞ്ഞുതിരിഞ്ഞു നടന്നു.
സൂരജ് ലാമ കുവൈറ്റില്‍ ചികിത്സയിലിരുന്നത് ബംഗളൂരുവിലെ വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. നാടു കടത്തിയതായി സ്ത്രീസുഹൃത്ത് അറിയിച്ച പ്രകാരമാണു ഭാര്യയെത്തി നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കിയത്.